Friday, March 28, 2014

ഉത്തരാധുനികതയുടെ നാട്ടിന്‍പുറത്തുകാരന്‍

‘പുടവ’ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്..



   ഇതോ ഉത്തരാധുനികചെറുകഥയുടെ യുവകഥാകൃത്ത് ! കിടപ്പറസമരം എന്ന കഥാസമാഹാരത്തിലെ ആദ്യ കഥ ‘പൊക്കന്‍’ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയതിങ്ങനെ. കഥയെഴുത്തില്‍ ഉത്തരാധുനികന്‍ എന്ന വിശേഷണം കണ്ട് വായിക്കാനെടുക്കാതെ തീണ്ടാപ്പാടകലെ നിര്‍ത്തിയതായിരുന്നു പിവി ഷാജികുമാറിന്‍റെ പുസ്തകങ്ങള്‍. അവിടേയുമിവിടേയും തൊടാതെ, കഥാകൃത്തിന്‍റെ മനസ്സിലുള്ള ആശയത്തെ വായനക്കാരന് മനസ്സിലാവരുതെന്ന വാശിയിലെഴുതിയ കഥകളാണ് ഇത്രനാള്‍ ഈ വിശേഷണ മേല്‍വിലാസത്തോടെ ഞാന്‍ വായിച്ചവയിലധികവും. വായനാഭൂരിപക്ഷമാവട്ടെ ഇത്തരം കഥകള്‍ വായിച്ച് മരണാനന്തര സ്ഥിതികളെ കുറിച്ച്പോലുമില്ലാത്തയത്രയും സംശയചോദ്യങ്ങളെ പൊതുക്കിവെച്ച് സ്വന്തമായി ഒരു നിഗമനത്തിലെത്തിയെന്ന് ഭാവിക്കുന്നു, കഥയെ കുറിച്ച് അഭിപ്രായം പറയുന്നു! എനിക്കിത്തരം വായനാ വ്യായാമങ്ങളേക്കാള്‍ വായനാ ആസ്വാദനങ്ങളാണ് പതം.പക്ഷേ ഉത്തരാധുനിക ചെറുകഥകളെന്ന് ഞാന്‍ ധരിച്ച് വശായവയല്ല യഥാര്‍ത്ഥത്തില്‍ അവയെന്ന് തിരുത്തി തരുന്നവയായിരുന്നു ഷാജികുമാറിന്‍റെ കഥകള്‍ . തിരഞ്ഞെടുപ്പിലെ പിഴവാണ് അത്തരംകഥകളില്‍ മാത്രം ഉത്തരാധുനിക മലയാളചെറുകഥയെ തളച്ചിടാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നത് നേര്.

നാട്ടുമണം ചുവയ്ക്കുന്ന, ഗ്രാമീണത തുടിക്കുന്ന കഥകളാണ് കിടപ്പറസമരമെന്ന കഥാസമാഹാരത്തിലധികവും. അസാമാന്യ ഭാഷാ സൗന്ദര്യം നിങ്ങള്‍ക്കീ പുസ്തകത്തില്‍ അനുഭവ്യമാകും . ഒട്ടും ഔപചാരികതകളില്ലാതെ ഒരു നാട്ടിന്‍പുറത്തുകാരന്‍റെ കൂടെ ഈ കഥാവഴികളിലൂടെ നടക്കാം. പൊടുന്നനെ, ഉത്തരം കിട്ടാത്ത ചില നാഗരിക സമാസങ്ങളുടെ അക്ഷരക്കൂട്ടങ്ങള്‍ക്കിടയില്‍ ചിലരെങ്കിലും കാലിടറി വീഴാനും സാധ്യതയുണ്ട്. പക്ഷേ അവിടേയും മേൽപ്പറഞ്ഞ ഭാഷാസൗന്ദര്യത്തില്‍ വീഴ്ച്ചയുടെ എല്ലാ മുറിപ്പാടുകളും കരിഞ്ഞ് ഇല്ലാതാവും..

ജീവിച്ചിടം കഥാതട്ടകമാക്കി മാറ്റാനുള്ള ഷാജികുമാറിന്‍റെ പാടവം അപാരമാണ്. പിറന്നുവീണ, വളര്‍ന്നുവലുതായ നാടിനോടുള്ള ഒടുങ്ങാത്ത പ്രതിപത്തി, ഓരോ കഥാപാത്രത്തേയും തന്‍റെ നാട്ടില്‍ നിന്നും നുള്ളിയെടുത്ത് കഥാതാളുകള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാന്‍ , അങ്ങനെ വായനാമനസ്സുകളില്‍ തന്‍റെ നാട്ടോര്‍മ്മകള്‍ക്ക് ചിരഞ്ജീവിത്വമേകാന്‍ ആ കഥാകാരനെ പ്രേരിപ്പിച്ചിരിക്കണം. നാട്ടിന്‍ പുറത്തെ ഈ കഥ പറച്ചിലുകള്‍ക്കിടയിലും കഥാകാരന്‍റെ തൂലിക ഇടക്കിട നാഗരിക ഇടങ്ങളിലേക്ക് എഴുത്തിനെ എടുത്തെറിയുന്നുണ്ട്.

വളരെ ലാഘവത്തോടെ വായിച്ച് പോകാവുന്നവയും വായനയുടെ ആഴങ്ങള്‍ ആവശ്യപ്പെടുന്നവയുമായ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.അനുഭവങ്ങളുടെ സൂക്ഷ്മനിരീക്ഷണങ്ങളെ ഭാഷയുടെ അലോക്യ ശബളിതയില്‍ കൊരുത്തുണ്ടാക്കിയ ഈ കഥകള്‍ ഷാജികുമാറിനെ, കേട്ട് തഴമ്പിച്ച കഥകളുടെ സാധാരണത്വത്തില്‍ നിന്നും എന്നാല്‍ വ്യത്യസ്തതയ്ക്കുവേണ്ടി പടച്ചുണ്ടാക്കുന്ന കഥകളുടെ അസാധാരണത്വത്തില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നുണ്ട്. കഥ പറച്ചിലിന്‍റെ പുതുമ ഇത്രകണ്ട് ആസ്വദിച്ച് അനുഭവിക്കാവുന്ന കഥകള്‍ ആധുനിക ചെറുകഥകളിലും ഉത്തരാധുനിക ചെറുകഥകളിലും വിരളമാണെന്ന് വായന സാക്ഷ്യപ്പെടുത്തുന്നു. കിടപ്പറസമരമെന്ന ഈ കഥാസമാഹാരത്തിലെ എല്ലാം കഥകള്‍ക്കും ഒരുപോലെ അവകാശപ്പെടാനാവുന്നതാണ് ഈ ആഖ്യാനപുതുമ. വ്യക്തമായ രാഷ്ട്രീയബോധത്തോടെയുള്ള കഥകള്‍ സമകാലിക സമൂഹത്തിന്‍റെ പരിച്ഛേദം കൂടിയാവുന്നുണ്ട്. ഒഴുക്കോടെ, മികച്ച ഭാഷയില്‍, പുതുമയോടെ വായനക്കാരെ പിടിച്ചിരുന്ന ഈ കഥപറച്ചില്‍ കഥാകൃത്തിന്‍റെ മറ്റുപുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കാന്‍ പ്രേരിപ്പിക്കും.

പൊക്കന്‍, മരണമുണ്ടാക്കിക്കളിക്കാം, നഗരത്തിലെ മഴ, 18+, സ്വപ്നവേട്ട, കോട്ടച്ചേരി വളവിലെ വാര്‍പ്പിന്‍പണിക്കാരികള്‍ , വിശ്വസിച്ചേ പറ്റൂ, ഉച്ചമഴയിലെ തുമ്പികള്‍, കാലാവസ്ഥ, കളി, ബില്‍ക്ലിന്‍റന്‍റെ അച്ഛന്‍, കിടപ്പറസമരം എന്നീ പന്ത്രണ്ട് കഥകളും എണര് എന്ന പേരിലൊരു അനുബന്ധവുമാണ് ഈ പുസ്തക സമ്പാദ്യം.

‘പൊക്കന്‍’ മാനസികവിഭ്രാന്തിയുള്ള, നിര്‍ത്താതെ നടന്നുകൊണ്ടിരിക്കുന്ന നീളം കുറഞ്ഞ, കറുത്തുമെല്ലിച്ച, വലിയകൂനുള്ള പൊക്കന്റെ കഥയാണ്. പക്ഷേ വായനാന്ത്യം വായനക്കാരന്‍ വിരല്‍ചൂണ്ടപ്പെടുന്നത് തന്‍റെ തന്നെ ഉള്ളകങ്ങളില്‍ ചിലനേരമെങ്കിലും പിടിതരാതെ കുതറിയോടുന്ന ജീവിതത്തിലേക്കാണെന്നത് നേര്.

“പൊരല്ലാലാവുമ്പം(പുലര്‍ച്ചയ്ക്ക് തന്നെ) പൊക്കന്‍ നടത്തം തുടങ്ങും. രാത്രിയാവുമ്പരെ. കുടേം കൈയിലുണ്ടാവും. ഒരക്ഷരം മിണ്ടൂല. ഏട്ത്തേക്കാണ് നടക്കുന്നെന്നറിയില്ല. നടത്തത്തോട് നടത്തം... പ്രാന്തന്നെ.. നട്ടപ്രാന്ത്..”

ചാരുതയാര്‍ന്ന നാട്ടിന്‍പുറ പാശ്ചാത്തലമാണ് ഈ കഥാവായനയെ പിടിച്ചിരുത്തുന്ന മറ്റൊരു ഘടകം.

മരണപ്പെട്ടവന്‍റെ നിസ്സഹായതയും വെപ്രാളചെയ്തികളുമാണ് മരണമുണ്ടാക്കിക്കളിക്കാമെന്ന കഥയുടെ ഇതിവൃത്തം. പക്ഷേ ആ കഥ മനുഷ്യാവസ്ഥയുടെ നൈമിഷികായുസ്സിനെ പൊതിഞ്ഞുവെച്ച ഒന്നാണ്.

“ഉടലില്‍ ചൂട് പൊതിഞ്ഞപ്പോള്‍ ഉറക്കം ഞെട്ടി. ചിതയില്‍ താന്‍ ലോകത്തുനിന്ന് അദൃശ്യപ്പെട്ടിരിക്കുന്നത് ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു.”“തീ അയാളെ ചുറ്റിപ്പിടിച്ചു. ചിതയില്‍ നിന്ന് പുറത്തേക്ക് ചാടി, തീ അയാളുടെ ഉടലിന്‍റെ ചിറകുകളായി, ‘ദാണ്ടെടാ.. തല പുറത്തേക്ക് വീണു. അകത്തേക്ക് കുത്തിയിട്’ ആരോ അങ്ങനെ പറഞ്ഞതും രണ്ടുതടിച്ച മുളക്കഷ്ണങ്ങള്‍ അയാളെ ചിതയിലേക്ക് തള്ളി. അയാളിലെ പ്രതിരോധം വിഫലമായി.”

പൊക്കന്‍ , മരണമുണ്ടാക്കിക്കളിക്കാം, 18+, കോട്ടച്ചേരിവളവിലെ വാര്‍പ്പിന്‍പണിക്കാരികള്‍, കിടപ്പറസമരം എന്നിവയാണ് ആവര്‍ത്തിച്ച് വായിക്കാന്‍ എന്നെ പ്രേരിപ്പിച്ച കഥകള്‍ . ഒന്നോ രണ്ടോ കഥകള്‍ ഒരു ശരാശരി കഥാ നിലവാരത്തില്‍ നിന്ന് ഒട്ടും ഉന്നതിയിലല്ല എന്ന തോന്നലും വായനാനുഭവം. പക്ഷേ അവിടേയും ഭാഷാ നിലാവാരവും ശൈലിയും എടുത്ത് പറയേണ്ടവയാണ്.

അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ‘എണര്’ എന്ന അനുഭവക്കുറിപ്പ് പരാമര്‍ശിക്കാതെ അപൂര്‍ണ്ണമാണീ ആസ്വാദനം . കഥാകൃത്തിന്‍റെ വ്യക്തിസ്വരൂപവും ചിന്താഗതികളും രാഷ്ട്രീയനിലപാടുകളും ഉറച്ച, വേറിട്ട ശബ്ദവും, കഥാതലങ്ങളുമെല്ലാം ഇവിടെ നേരിട്ടനുഭവിക്കാം, അതിമനോഹരമായ, ഗ്രാമീണത മുറ്റിനില്‍ക്കുന്ന വരികളിലൂടെ.

ഒരു അവതാരികപോലുമില്ലാതെ നേരെ കഥകളിലേക്ക് കൈപ്പിടിച്ചാനയിക്കുന്ന ഈ പുസ്തകത്തിന് മുഴുവനുണ്ട് കഥകാരന്‍റെ അതേ ചങ്കൂറ്റം. കഥകളിലൂടെ പലപ്രദേശങ്ങളിലേക്കും ചിന്തകളിലേക്കും ആസ്വാദനങ്ങളിലേക്കും വായനക്കാരനെ വഴിനടത്തുമ്പോള്‍ ഒരു ഗ്രാമം മൊത്തം കണ്മുന്നില്‍ അക്ഷരങ്ങളായി തെളിയും.. അവസാനം, കഥകളെല്ലാം വായിച്ചവസാനിച്ചാലും ഒരു നാട്ടിന്‍പുറ ഇടവഴിയിലെ കലുങ്കില്‍, നാടന്‍ കാറ്റ് കൊണ്ടിരിക്കുന്ന ഹൃദ്യതയില്‍നിന്നും മുക്തരാവാന്‍ നമ്മള്‍ പിന്നേയും നേരമെടുക്കും.

Monday, March 17, 2014

സ്വോണ്‍ റിവറിലെ സ്വര്‍ണ്ണമരാളങ്ങള്‍

മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..

പുസ്തകം :സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍
(യാത്രാവിവരണം)
വില: 110 രൂപ
പ്രസാധകര്‍ : റാസ്ബെറി ഇംപ്രിന്‍റ്

അജ്ഞാതരായ സഞ്ചാരികളെ കാത്ത് ഓരോ ഇടവും എത്രയെത്ര കാഴ്ചകളാണ് കരുതിവെച്ചിരിക്കുന്നത്! ഓരോ സഞ്ചാരവും അനുഭവങ്ങളോടൊപ്പം ആശ്ചര്യങ്ങളുടേതും ആകസ്മിതകളുടേതുമാണ്. ഒരേയിടങ്ങള്‍ തന്നെ പലപ്പോഴും വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കും, ഒരേയിടത്ത് പലരും കാണുന്ന കാഴ്ചകളും തീര്‍ത്തും ഭിന്നമായിരിക്കും. അത് കാലം, കാഴ്ച, കാഴ്ചപ്പാട്, വ്യക്തി, നിലപാട് തുടങ്ങി പലതിനേയും ആശ്രയിച്ചിരിക്കും. യാത്രകളുടെ മനോഹാരിത അതുകൊണ്ടുതന്നെ പൂര്‍ണ്ണമായും സഞ്ചാരിയില്‍ ആലംബിതമാണ്. കാഴ്ചകളെ അക്ഷരപ്പെടുത്താന്‍ അക്ഷരങ്ങളാലാവുന്ന ഒരു സഞ്ചാരി വായനാലോകത്തിന്‍റെ കൂടി സൗഭാഗ്യമാവുന്നതുമങ്ങിനെയാണ്.

‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’ എന്ന പുസ്തകത്താളുകള്‍ മറിക്കുമ്പോള്‍ ആദ്യം കണ്ണിലുടക്കുക
"As a woman, I have no country.
As a woman I want no country.
As a woman my country is the whole world." എന്ന വരികളാണ്. പ്രശസ്ത എഴുത്തുകാരി വിര്‍ജിനീയ വൂള്‍ഫ്, സ്ത്രീയുടെ രാജ്യസങ്കൽപ്പം വിവരിക്കുന്ന വരികള്‍!

ശ്രീമതി സാജിദ അബ്ദുറഹ്മാന്‍റെ ഓസ്ട്രേലിയന്‍ യാത്രാവിവരണമാണ് ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’. അതിമനോഹരമായ ഭാഷയില്‍ സാഹിതീയചൈതന്യമുറ്റ എട്ട് അധ്യായങ്ങളിലായി ഓസ്ട്രേലിയന്‍ സഞ്ചാരത്തിന്‍റെ കാഴ്ചകളെ വിതാനിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ കെ എ ബീനയുടെ അവതാരികയുമുണ്ട്. റാസ്ബെറി ഇംപ്രിന്‍റ് ആണ് പ്രസാധകര്‍.

“ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് രാജ്യങ്ങളില്ല. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് രാജ്യങ്ങള്‍ വേണ്ട. ഒരു സ്ത്രീയെന്ന നിലയില്‍ എന്‍റെ രാജ്യം ഈ ലോകം മുഴുവനാണ്.” എന്ന വിര്‍ജിനീയ വൂള്‍ഫിന്‍റെ വരികളിലൂടെ തുടങ്ങുന്ന ഈ യാത്രാവിവരണ വായന മേല്‍വരികളെ അടിവരയിടുന്നതാണ്. സഞ്ചാരത്തിന്‍റെ നയനമനോഹര കാഴ്ചകളെ വര്‍ണ്ണാതീത സാഹിത്യഭംഗിയോടെ വരികളായി വിന്യസിക്കുമ്പോള്‍ സഞ്ചാരിണിയിവിടെ അതിരുകളില്ലാത്ത പ്രകൃതിഭംഗിയുടെ വായനാസമൂഹത്തിലേക്കുള്ള സഞ്ചാരിക കൂടിയാവുന്നു. സഞ്ചാരത്തിന്‍റെ സ്ത്രീപക്ഷ കാഴ്ചയെന്ന് ഈ യാത്രാവിവരണത്തെ വിവക്ഷിക്കാമെങ്കിലും സ്ത്രീപക്ഷകാഴ്ച എന്ന വാക്കിന്‍റെ ഉപരിപ്ലവ പ്രതിച്ഛന്ദത്തില്‍ തളച്ചിടാനാവുന്നതല്ല ഈ എഴുത്ത്.

കാഴ്ചകളുടെ നേര്‍ചിത്രങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയെന്ന ചെറിയ ഭൂഖണ്ഡത്തിന്‍റെ രാഷ്ട്രീയ-ഭൂമിശാസ്ത്ര-സാമൂഹിക-അധിനിവേശ വിവരണങ്ങളും ഒട്ടും മുഷിപ്പില്ലാതെ കോര്‍ത്തിണക്കി വായനയെ ഉന്നതമായൊരു തലത്തിലേക്കുയര്‍ത്തുന്നുണ്ട് ഈ പുസ്തകം. ആദ്യമായി കാണുന്ന, തീര്‍ത്തും പുതിയൊരു ലോകത്തെ അതേ ആശ്ചര്യത്തോടെ വായനക്കാരനിലേക്ക് പകര്‍ന്നുതരാന്‍ എഴുത്തുകാരിക്കാവുന്നുണ്ട്. അതിനുപയോഗിച്ച നല്ല ഭാഷയും മികച്ച ശൈലിയും എഴുത്തിനെ ഹൃദ്യമാക്കുന്നു.

ഇരുപതാംനൂറ്റാണ്ടിന്‍റെ അവസാനപകുതിയില്‍ ജീവിച്ചവര്‍ക്ക് മറക്കാനാവാത്ത ഒരു സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് ആദ്യ അധ്യായം ‘ആത്മാക്കളുറങ്ങുന്ന താഴ്വരയില്‍’ തുടങ്ങുന്നത്; അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സകൈലാബ് എന്ന ബഹിരാകാശ പേടകത്തിന്‍റെ തിരിച്ചുവരവുണ്ടാക്കിയ ആശങ്കകളും ഒടുവിലത് ഓസ്ട്രേലിയയിലെ പെര്‍ത്തിന്‍റെ പ്രാന്തപ്രദേശത്ത് നിപതിച്ചതും. ഓര്‍മ്മകളുടെ ഈ പിന്‍യാത്രയിലൂടെ എലിസ മലനിരകളുടെ താഴ്വാരത്തിലെ ചരിത്രം മയങ്ങുന്ന കിംഗ്സ് പാര്‍ക്കിലേക്കും സ്വോണ്‍ നദീതീരത്തേക്കും അനന്യസുന്ദരമായ പ്രകൃതിഭംഗിയിലേക്കുമാണ് പിന്നീട് വായന നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്.

ഓസ്ട്രേലിയയുടെ നയനമനോഹരകാഴ്ചകളില്‍ നിന്നും അധിനിവേശത്തിന്‍റേയും സാമ്രാജ്യത്വവെറിയുടേയും, സ്വന്തം ഭൂമികയില്‍ നിന്നും നാമാവശേഷമാക്കപ്പെട്ട ആദിമവര്‍ഗ്ഗത്തിന്‍റെ നിസ്സഹായതയുടേയും വരണ്ടുണങ്ങിയ ചരിത്രത്തിലേക്ക് കാഴ്ചകളെ പറിച്ചുനടുമ്പോള്‍ വായനക്കാരനിലും രക്തം തിളയ്ക്കുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധിനിവേശ തിന്മകളുടെ വര്‍ത്തമാനകാലത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും. ബൂമറാങ്ങുകളുടെ മൂളിപ്പറക്കലിന്‍റെ ഇരമ്പം പോലെ അബോര്‍ജിന്‍ വംശത്തിന്‍റെ അവശിഷ്ടങ്ങളായി, എല്ലാ ഉന്മൂലനങ്ങളേയും അതിജീവിച്ച ചെറുതല്ലാത്ത ഒരു സമൂഹത്തെ ഇന്നും ഓസ്ട്രേലിയയില്‍ കാണാം.

അരയന്നങ്ങളുടെ താഴ്വരയും മുന്തിരിപ്പാടങ്ങളും പ്രാചീനഗുഹകളും കടലാഴങ്ങളിലെ നിഗൂഢതകളും, ഭൂപ്രകൃതിയുടെ വന്യതയും, ആധുനിക സാമൂഹികജീവിതവും വായനയിലേക്ക് വരുന്നത് കേവലം കാഴ്ചകളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. അവിടെ നിമിത്തങ്ങളും ചരിത്രവുമെല്ലാം ഒരു വഴികാട്ടിയുടെ നിപുണതയോടെ എഴുത്തുകാരി കാത്തുവെച്ചിട്ടുണ്ട്. അതുതന്നെയാണ് ഈ വായനയുടെ പൂര്‍ണ്ണതയും.

മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന യാത്രകളുടെ ത്രസിക്കുന്ന വായനാനുഭവം ഈ പുസ്തകമേകില്ല. പാതയോരത്ത് പതിയിരിക്കുന്ന ആകസ്മികതകളും വൈതരണികളും തുലോം കുറവാണ്. വഴിയോരത്ത് കണ്ടുമുട്ടുന്ന ജീവിതാനുഭവങ്ങളും വഴിയമ്പലങ്ങളിലെ ജീവിതതാളവും ഈ പുസ്തകത്തില്‍ വായിക്കാനാവില്ല. ഈ പുസ്തകത്തെക്കുറിച്ച് എനിക്കാരോപിക്കാനാവുന്ന പോരായ്മയും ഇതാണ്. കുടുംബത്തോടൊപ്പം ഒരു സ്ത്രീ നടത്തിയ യാത്രയുടെ നേര്‍ച്ചിത്രമാണിത്. തീര്‍ത്തും ആസൂത്രിതമായി നടത്തിയ ഒരു യാത്രയുടെ സര്‍വ്വമനോഹാരിതയും ഇതിലുണ്ട്.

ആത്മാക്കളുറങ്ങുന്ന താഴ്വരയില്‍, മൂളിപ്പറക്കുന്ന ബൂമറാങ്ങുകള്‍, സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങളും മണിമേടയും, മത്സ്യകന്യകയുടെ ഉദ്യാനവിരുന്ന്, ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം, ശില്പവിസ്മയങ്ങളുടെ രത്നഖനി, ബണ്‍ബെറിയിലേക്ക് ഒഴുകിയെത്തിയ യാനപാത്രങ്ങള്‍, പനിനീര്‍ മലരുകളുടെ പറുദീസ എന്നീ എട്ട് അധ്യായങ്ങളിലായി ഒരുക്കിവെച്ച ഓസ്ട്രേലിയന്‍ യാത്രാവിവരണം ഇത്ര മനോഹരമായി വായനക്കാരനിലേക്ക് എത്തിക്കുന്നതില്‍ ‘റാസ്ബെറി ഇംപ്രിന്‍റ് ’ എന്ന പ്രസിദ്ധീകരണശാല വഹിച്ച പങ്ക് നിസ്തുലമാണ്. അന്തര്‍ദ്ദേശീയനിലവാരമുള്ള രൂപകല്പനയും അച്ചടിയും വായനാതാല്പര്യം ഉയര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. അച്ചടിലോകത്തേക്ക് ആദ്യമായെത്തുന്ന ഒരു എഴുത്തുകാരന്‍റെ പുസ്തകത്തെ വായനക്കാരനിലേക്കെത്തിക്കാന്‍ ആ പുസ്തകത്തിന്‍റെ രൂപഘടനയും അച്ചടിനിലവാരവും അവതാരികയും വലിയ സ്ഥാനം വഹിക്കുന്നുണ്ട്.

ശ്രീമതി സാജിദ അബ്ദുറഹ്മാന്‍റെ ആദ്യപുസ്തകമാണ് ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’. തുടക്കക്കാരിയുടെ യാതൊരു പതര്‍ച്ചയുമില്ലാതെ, സ്വോണ്‍ നദിയില്‍ നീന്തിത്തുടിക്കുന്ന അരയന്നപ്പിടകളുടേതുപോലെ ചാരുതയും ലാളിത്യവും ഈ എഴുത്തിലും നമുക്കനുഭവിക്കാം. നിലവാരമുള്ള ഭാഷയും സാഹിത്യഭംഗിയും ഇഴചേര്‍ന്ന ഈ എഴുത്ത് ഓസ്ട്രേലിയയുടെ ഇളം കാറ്റേറ്റ് ഒരു വട്ടമെങ്കിലും സ്വോണ്‍നദീതീരത്ത് സ്വയം മറന്നിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.

യാത്രകളുടെ തുടച്ചകള്‍ സംഭവിക്കുക ഒരേ ജീവിതത്തില്‍ തന്നെയാവണമെന്നില്ല. ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’ വായന എന്നെങ്കിലും നിങ്ങളുടെ ഓസ്ട്രേലിയന്‍ യാത്രയെ പണ്ടെന്നോ നടത്തിയ ഒരു യാത്രയുടെ തുടര്‍ച്ചയെന്ന് അനുഭവിപ്പിച്ചാല്‍ യാത്രകളുടെ നിരന്തരത തൊട്ടറിയാം, വായനയുടെ അനശ്വരതയും. വായനയുടെ അവസാനതാളുകളിലെ, ഒരുപാട് മോഹിപ്പിച്ച പനിനീര്‍ മലരുകളുടെ പറുദീസയില്‍ എന്നെങ്കിലുമെത്തിപ്പെട്ടാല്‍ എനിക്കുമേറെ പരിചിതമായിരിക്കും ആ മലര്‍വാടിയിലെ ഓരോ ദളവും. അക്ഷരങ്ങളാല്‍ മുദ്രണം ചെയ്യപ്പെട്ട ചില കാഴ്ചകളെ കവച്ചുവയ്ക്കാന്‍ കണ്ണുകള്‍ക്കുമാവില്ലല്ലോ..

Thursday, March 6, 2014

അമുദയുടെ അമ്മ

അവരുടെ പേരെനിക്കോര്‍മ്മയില്ല. പരിചയപ്പെട്ട ആദ്യനാളുകളില്‍ ഒന്നില്‍കൂടുതല്‍ തവണ ചോദിച്ചതാണ്. പക്ഷേ..

അമുദയുടെ അമ്മ എന്നാണെന്‍റെ മനസ്സില്‍ അവരുടേതായി പതിഞ്ഞുകിടപ്പുള്ള പേര്. അമുദയുടെ അമ്മയായതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ പരിചിതരായതും. എനിക്ക് അവരെ വിളിക്കാവുന്ന സമുചിതമായ പേര് അതുതന്നെയാണ്. അവര്‍ക്ക് മാത്രമേകാവുന്ന ഒരുപേരായി അമുദയുടെ അമ്മ എന്നത് എന്‍റെയുള്ളില്‍ മാറുകയും ചെയ്തിരിക്കുന്നു!

അമുദ, എന്‍റെ മോള്‍ പഠിക്കുന്ന സ്കൂളിലെ രണ്ടാംക്ലാസ്സുകാരിയാണ്. നാലാം ക്ലാസ്സുകാരിയായ മോള്‍ക്ക് ബസ് സ്റ്റോപ്പ് വരെ കൂട്ടുപോവുന്ന ഞാനും അമുദയ്ക്ക് കൂട്ടുവരുന്ന അമുദയുടെ അമ്മയും ആദ്യമായി കണ്ടതും പരിചയപ്പെട്ടതും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ബസ് സ്റ്റോപ്പില്‍ വച്ചാണ്.

പരിചയപ്പെടല്‍ എന്ന് പറഞ്ഞാല്‍ സ്വന്തം മക്കളുടെ ലോകത്ത് അലിഞ്ഞ് ചേര്‍ന്നതിനടയ്ക്ക് ചിലപ്പോള്‍ മാത്രം പരസ്പരം ദാനം നല്‍കുന്ന ഒരു നോട്ടം, ആകസ്മികമായി കണ്ണുകള്‍ തമ്മില്‍ ഉടക്കിയാല്‍ സംഭവിക്കാവുന്ന ഒരു പുഞ്ചിരി, ഏതെങ്കിലും ദിവസം ശബ്ദവീചികള്‍ക്ക് പ്രാപ്യമായ ചുറ്റളവില്‍ എത്തപ്പെട്ടാല്‍ ഒരു ഹായ്, അല്ലെങ്കില്‍ രണ്ടോ മൂന്നോ അക്ഷരങ്ങളില്‍ ഒതുക്കാവുന്ന എന്തെങ്കിലുമൊരു വാക്ക്, ഒരു മറുവാക്ക്. വളരെ അപൂര്‍വ്വമായി മാത്രം കാര്യമാത്രാ പ്രസക്തമായ ഹ്രസ്വസംഭാഷണം. പരിചയത്തിന്‍റെ പ്രാന്തം ഇതിലും വളര്‍ന്നിട്ടില്ല ഇപ്പോഴും.

എന്നിട്ടും ഇന്ന് കാലത്ത് അമുദയുടെ അമ്മ ഞങ്ങള്‍ ഈ മാസവസാനം നാട്ടില്‍ പോവുകയാണ്,ഇനി തിരിച്ചുവരില്ല, മോളുടെ ടി സിക്ക് അപേക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ തീവ്രമായി മനസ്സ് വേദനിച്ചതും തീര്‍ത്തും അപ്രതീക്ഷിത വാര്‍ത്തയെന്ന് ഉള്ളുരുക്കത്തോടെ തിരിച്ചറിഞ്ഞതും എന്തുകൊണ്ടായിരുന്നു?! ഒരുദിവസത്തിന്‍റെ സകല സന്തോഷങ്ങളേയും തച്ചുടച്ച് മനസ്സ് തളര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴും ഞാനോര്‍ക്കുകയായിരുന്നു അതിന് മാത്രം എന്ത് സ്നേഹബന്ധനമാണ് ഞങ്ങള്‍ക്കിടയിലുള്ളതെന്ന്. തമിഴ്നാട്ടുകാരാണ്, അവരും ഭര്‍ത്താവും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നു, അമുദ ഏകമകളാണ്, എന്നതില്‍ കൂടുതല്‍ എനിക്കൊന്നുമറിയില്ല, അവര്‍ക്കെന്നേയും. താമസിക്കുന്ന കെട്ടിടം പോലും കൃത്യമായറിയില്ല എന്നതാണ് നേര്. എന്നിട്ടും...

പ്രവാസമങ്ങിനെയാണ്. പുതുതായി നട്ട ചെടിയെന്ന പോലെ പതുക്കെ, വളരെ പതുക്കെ പ്രവാസി ചുറ്റുപാടുകളുമായി സൌഹാര്‍ദ്ദത്തിലാവുന്നു. വേരുകള്‍ ആഴത്തിലിറങ്ങാതെ സൂക്ഷിച്ച് ചുറ്റുഭാഗങ്ങളിലേക്ക് പടര്‍ത്തുന്നു, വീണുപോവാതെ പിടിച്ചുനില്‍ക്കാന്‍ വേണ്ടിമാത്രം. പറിച്ച് നടപ്പെടുമ്പോള്‍ നോവാതിരിക്കാന്‍ എന്നും തിരുത്താം ആ ഉപരിപ്ലവ വേരോടലുകളെ. എന്നാല്‍ ഒരു ചിരിയില്‍, ഒരു കൈവീശലില്‍ പരിചയങ്ങളെ തളച്ചിടുമ്പോഴും അവരോട്, മനസ്സ് നാം അറിയാതെ പടര്‍ത്തിയെടുക്കുന്ന ഒരു ആത്മബന്ധമുണ്ട്; ഒഴുക്കൊളിപ്പിക്കുന്ന പുഴയെപോലെ. അവനവനിലേക്ക് മുരടിക്കാനുള്ള വ്യഗ്രതയ്ക്കിടയിലും നാടറിയാതെ, ഭാഷയറിയാതെ, ജീവിതമറിയാതെതന്നെ ചിരപരിചിതരായി മാറും ചിലര്‍ ചിലര്‍ക്ക്. കുറേ നാളുകള്‍ പതിവ് സമയങ്ങളില്‍ ചിലരെ കാണാതെയാവുമ്പോള്‍ അവര്‍ക്കെന്ത് പറ്റിയെന്ന് മനസ്സ് ആധികൊള്ളും. അതിന് പ്രവാസിയെന്ന നൂലിഴബന്ധം ഒന്ന് മാത്രം മതി.

ആ ഇഴചേര്‍ക്കല്‍ തന്നെയാവാം ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴെയുള്ള തേന്‍ കടയിലെ ലബനാനി വൃദ്ധന്‍ തീര്‍ത്തും അപരിചിതരായിരുന്നിട്ടും കാണുമ്പോഴെല്ലാം വാത്സല്യപൂര്‍ണ്ണമൊരു പുഞ്ചിരിയോടെ സലാം ചൊല്ലുന്നതും ഇടയ്ക്കിടെ മോള്‍ക്ക് മധുരമൂറും തേനറകള്‍ സമ്മാനിക്കുന്നതും അവള്‍ക്ക് ഏറെ വേണ്ടപ്പെട്ട ഒരാളോടെന്ന പോലെ അടുപ്പം ഏതോ ഭൂപ്രകൃതിയില്‍ ജനിച്ചുവളര്‍ന്ന അയാളോട് ഉണ്ടാക്കപ്പെട്ടതും. തണുത്ത് വിറക്കുന്ന ശൈത്യരാവുകളില്‍ ഏറെ വൈകി കടയടച്ച് കൂനിക്കൂടി ആ വൃദ്ധന്‍ ഇരുട്ടിലലിയുമ്പോള്‍ കേവലം മനുഷ്യസഹജമായ സഹതാപത്തിനുമപ്പുറം അയാള്‍ക്കുവേണ്ടി ഒരു പ്രാര്‍ത്ഥനാശകലം എന്‍റെ മനസ്സിലുയരുന്നതും ആ ഇഴചേര്‍ക്കലില്‍ നിന്നാവാം.

എത്ര പരിചിതമുഖങ്ങള്‍ ഇതുപോലെ മുഖമില്ലാത്തവരായി ഈ ഭൂമികയില്‍ പ്രവാസക്കൂട്ടത്തിലലിയുന്നു.. വാക്കുകള്‍ക്കും ഭാഷകള്‍ക്കുമപ്പുറം കാലം നെയ്തെടുക്കുന്ന ആത്മബന്ധങ്ങളായി ഇഴചേര്‍ക്കപ്പെടുന്നു. ഓരോ പരിചിതമുഖത്തേക്കും സൂക്ഷിച്ച് നോക്കുമ്പോള്‍ കാണാം വിവിധ സംസ്കാരങ്ങളെ, ദേശങ്ങളെ, സ്വപ്നങ്ങളെ പേറി നടക്കുന്ന ഉള്ളകങ്ങള്‍. കുതൂഹലമാണ് ഓരോ മുഖത്ത് നിന്നും ഒട്ടും പരിചിതമല്ലാത്ത ഇടങ്ങളെ ഉദ്ഭാവനം ചെയ്യുക എന്നത്. അവരുടെ സ്വപ്നങ്ങളെ സങ്കൽപ്പ രൂപേണ വായിച്ചെടുക്കാന്‍ .

സെഡാര്‍ മരങ്ങള്‍ തണല്‍വിരിച്ച വഴിത്താരയുള്ള, ആപ്പിളും മാതളവും ചെറീസും നിറയെ കായ്ച്ച് കിടക്കുന്ന തൊടിയുടെ മദ്ധ്യത്തില്‍ മനോഹരമായ ഒരു കൊച്ച് വീട് ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ലെബനാനില്‍ ആ വൃദ്ധസുഹൃത്തിനും, ജമന്തിയും സൂര്യകാന്തിപൂക്കളും നിറഞ്ഞ പൂപ്പാടത്തിനോരത്ത് പച്ചപ്പാര്‍ന്ന ഒരുകുന്നിന്‍ച്ചെരുവില്‍ തമിഴ്നാട്ടിലെ മനോഹരമായ ഒരു പേരറിയാഗ്രാമത്തില്‍ അമുദയുടെ അമ്മയ്ക്കുമായി ഞാനെന്നോ എന്‍റെ മനസ്സില്‍ പണിതീര്‍ത്തിക്കുന്നു.

പ്രവാസത്തിനിടയില്‍ പരിചയപ്പെട്ട പല പേരറിയാ മുഖങ്ങള്‍ക്കും ഇതുപോലെ സങ്കൽപ്പലോകങ്ങളുണ്ട് മനസ്സില്‍ . തീര്‍ത്തും വൈരുദ്ധ്യമാര്‍ന്നതായിരിക്കാം അവരുടെ നാട്ടിലെ ചുറ്റുപാടുകള്‍. വരണ്ടുണങ്ങിയ ഇടുങ്ങിയ തെരുവോരങ്ങളില്‍ സംഘര്‍ഷഭരിതമായൊരു ചുറ്റുപാടില്‍ ജീവിതം അനുഭവിച്ച് തീര്‍ക്കുന്നവരായിരിക്കാം പലരും ഈ പ്രാവസങ്ങള്‍ക്കുമപ്പുറം. എങ്കിലും ഈ സങ്കൽപ്പക്കണ്ണുകളിലൂടെ ഇവരെ കാണാന്‍ ഒരു മാധുര്യമുണ്ട്.

ഓരോ പ്രവൃത്തിദിവസവും തുടക്കം കുറിച്ചിരുന്നത് അമുദയുടെ അമ്മയ്ക്കൊപ്പമായിരുന്നു തീര്‍ന്നുപോയ ഈ രണ്ടുവര്‍ഷക്കാലം. ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്ത ഒരിടത്തേക്ക് അവര്‍ യാത്രയാവുകയാണ്. പ്രവാസമേകിയ ഇത്തിരി അനുഭവങ്ങളുടേയും ഓര്‍മ്മകളുടേയും ഭാണ്ഡം മുറുകെക്കെട്ടുന്ന തിരക്കിലായിരിക്കും ആ മനസ്സിപ്പോള്‍ . എത്ര ശ്രമിച്ചാലും അവയെ പൂര്‍ണ്ണമായും ഈ ഭൂര്‍ണ്ണിയില്‍ പരിത്യജിക്കാന്‍ പ്രവാസിക്കാവില്ല .

നാളെ ഒരുപക്ഷേ അമുദയും അമുദയുടെ അമ്മയും എന്‍റെ ഓര്‍മ്മകളില്‍ നിറം മങ്ങിയേക്കാം. എനിക്ക് സങ്കൽപ്പിക്കാന്‍ പോലുമാവാത്ത ഒരു ചുറ്റുപാടില്‍ അവരുടെ ജീവിതവും പലവഴികളിലൂടെ സഞ്ചരിക്കാം. അന്ന് ഹൃദയത്തിന്‍റെ ഈ കൊളുത്തിവലിക്കല്‍ ഒരു തമാശരൂപേണ ഓര്‍ത്തെടാക്കാനും കഴിയും. കാരണം, വിടവാങ്ങലുകള്‍ പ്രവാസത്തില്‍ ആദ്യാനുഭവമല്ല. ഒരുപാട് ശൂന്യമാക്കപ്പെടലുകള്‍ മനസ്സറിഞ്ഞതാണ്. കാലം വിദഗ്ദ്ധമായി മായ്ച്ചുകളയുന്ന ശൂന്യയിടങ്ങള്‍.

ഒരു തിരിച്ച് പോക്കിന് എല്ലാ പ്രവാസികളേയും പോലെ ഞാനുമൊരുങ്ങുന്നുണ്ട്. നാളെ പതിനഞ്ചുവര്‍ഷങ്ങളുടെ ഭാണ്ഡം മുറുക്കുമ്പോള്‍ മനസ്സിടറാതിരിക്കില്ല, ദേഹം തളരാതിരിക്കില്ല, തൊണ്ടവരളാതിരിക്കില്ല. യാത്രയാവുന്ന കാലടികള്‍ ഇടറാതിരിക്കില്ല. എങ്കിലും കണ്ണുകളില്‍ നിന്നും ഇറ്റുവീഴുന്ന കണ്ണുനീര്‍ ഈ മണ്ണില്‍ പതിയുമ്പോള്‍ എണ്ണമറ്റ കണ്ണുനീര്‍ തുള്ളികളെ മുന്‍പും ഏറ്റുവാങ്ങിയ ഈ മണല്‍തരികള്‍ എന്നേയും സമാശ്വാസിപ്പിച്ച് യാത്രയാക്കും. അമുദയുടെ അമ്മയുടേതടക്കം അനേകായിരം കാലടികളില്‍ ചവിട്ടി ഞാനും നാളെ....

പറിച്ചുനടലെന്നതിനേക്കാള്‍ വാര്‍ദ്ധക്യമാര്‍ന്ന മരത്തിന്‍റെ വെട്ടിമാറ്റലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പലപ്പോഴും ഈ തിരിച്ചുപോക്കുകള്‍.ജന്മനാടിനോടുള്ള വൈരക്തമോ സുഖലോലുപതയോടുള്ള ആസക്തിയോ അല്ല ഈ കൊളുത്തിവലികള്‍. ദുരിതത്തിന്‍റെ ഭിന്നമുഖങ്ങളാണ് പ്രവാസഭൂരിപക്ഷത്തിന്. വീഴപ്പെട്ടിടത്ത്നിന്ന് പെറുക്കിമാറ്റപ്പെടുമ്പോഴുള്ള ഒരു അസ്വസ്ഥത മാത്രാമാണിത്. കണ്ടുപരിചയിച്ച കാഴ്ച്ചകളില്‍ നിന്നും കണ്ണുകള്‍ അടര്‍ത്തിമാറ്റപ്പെടുമ്പോഴുള്ള ഒരു ഇടര്‍ച്ച..